തൃശൂര്‍ പൂരം കലക്കൽ: പോലീസ് ഇതര വകുപ്പുകൾക്ക് വീഴ്ചയില്ല; റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി
Saturday, March 8, 2025 3:38 PM IST
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായതിൽ പോലീസ് ഇതര വകുപ്പുകൾക്ക് വീഴ്ചയില്ലെന്ന് ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോർട്ട്. എഡിജിപി മനോജ് ഏബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണിത്.
പൂരം അലങ്കോലപ്പെടുന്ന രീതിയില്‍ മറ്റേതെങ്കിലും വകുപ്പുകള്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, ആരോഗ്യ വകുപ്പിന്റെ സേവനം കൂടുതല്‍ ഉറപ്പാക്കണം. ആംബുലന്‍സ് അടക്കം കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കണം. വരുന്ന പൂരങ്ങളില്‍ വകുപ്പുകളുടെ ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നുമടക്കമുള്ള നിര്‍ദേശങ്ങളും ശിപാര്‍ശകളും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് ഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, എഡിജിപി എന്നിവരുടെ നേതൃത്വത്തിലുള്ള ത്രിതല അന്വേഷണങ്ങളാണ് നടന്നുവരുന്നത്. എഡിജിപി മനോജ് ഏബ്രഹാം അന്വേഷിച്ചത് സംഭവത്തില്‍ മറ്റുവകുപ്പുകളുടെ ഏകോപനത്തില്‍ പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതാണ്.