ഹംപി കൂട്ടബലാത്സംഗ കേസ്: രണ്ട് പേർ അറസ്റ്റിൽ
Saturday, March 8, 2025 9:16 PM IST
ബംഗളൂരു: കർണാടകയിലെ ഹംപിയിൽ വിദേശ വനിതയെയും ഹോം സ്റ്റേ ഉടമയെയും കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവർ ആണ് അറസ്റ്റിലായത്. ഇവർക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നെന്നും ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു എന്നും കൊപ്പൽ എസ്പി അറിയിച്ചു.
ഹോം സ്റ്റേ ഉടമയ്ക്കും വിദേശ വനിതയ്ക്കും ഒപ്പമുണ്ടായിരുന്ന പുരുഷന്മാരെ കനാലില്‍ തള്ളിയിട്ട ശേഷമായിരുന്നു പീഡനം. കനാലില്‍ വീണ ഒരാൾ മരിച്ചു. അമേരിക്കയില്‍ നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒഡീഷയില്‍ നിന്നുള്ള ബിബാഷ് എന്നിവരാണ് വിനോദ സഞ്ചാരികളുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ബിബാഷ് മരണപ്പെട്ടതായി കർണാടക പോലീസ് പറഞ്ഞു. ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു.
പണം ചോദിച്ചെത്തിയവരാണ് തർക്കത്തിന് പിന്നാലെ ക്രൂര അതിക്രമം നടത്തിയത്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട പൗരാണിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹംപി. അവിടെ വച്ചാണ് വിദേശികൾക്കടക്കം ഈ കൊടും ക്രൂരത നേരിടേണ്ടി വന്നതെന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.