അഴിമതി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് വനംമന്ത്രി; തിരിച്ചെടുക്കാൻ ഉത്തരവ്
Thursday, May 1, 2025 8:46 AM IST
തിരുവനന്തപുരം: അഴിമതി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനായി വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ ഇടപെടൽ. തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിനെ തിരിച്ചെടുക്കാനാണ് മന്ത്രി ഇടപെട്ട് ഉത്തരവിറക്കിയത്.
ഈ മാസം 30ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് സര്‍വീസ് ആനുകൂല്യം ലഭിക്കാനാണ് തിരക്കിട്ടുകൊണ്ടുള്ള നടപടി. നിരവധി കേസിലെ പ്രതിയായ സുധീഷ്കുമാറിനെ പിരിച്ചുവിടാൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഇറക്കിയ ഉത്തരവും വനംമന്ത്രി ഇടപെട്ട് തള്ളി.
പത്തിലധികം കേസുകളിൽ പ്രതിയാണ് സുധീഷ്. വിജിലന്‍സ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ സുധീഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യം ലഭിച്ചശേഷം അതേ സ്ഥാനത്ത് തിരിച്ചെടുക്കാനാണ് ഉത്തരവിറക്കിയത്.
അതേസമയം, സുധീഷ്കുമാറിന് വഴിവിട്ട സഹായം നൽകിയിട്ടില്ല എന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. ആഭ്യന്തരവകുപ്പിന്റെ ശിപാർശക്കനുസരിച്ചാണ് ഇളവ് നൽകിയത്.
വിരമിക്കാൻ ദിവസങ്ങൾ ശേഷിക്കേ കടുത്ത നടപടിയെടുക്കരുതെന്ന് നിയമത്തിലുണ്ട്. അതു പാലിക്കുക മാത്രമാണ് ചെയ്തത്. സ്വജനപക്ഷപാതം ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.