മംഗളൂരു ആൾക്കൂട്ട കൊലപാതകം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
Thursday, May 1, 2025 12:48 PM IST
മംഗളൂരു: മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ. മംഗളൂരു റൂറൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ പി.ചന്ദ്ര , കോൺസ്റ്റബിൾ യല്ലലിംഗ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കൃത്യവിലോപം കാണിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മലപ്പുറം വേങ്ങരയിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ പുൽപ്പള്ളി സാന്ദീപനി കുന്നിലെ മുച്ചിക്കാടൻ കുഞ്ഞായിയുടെ മകൻ അഷ്റഫ്(36) ആണ് മരിച്ചത്.
കർണാടകയിലെ മംഗളൂരുവിലെ കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കുമ്പോഴാണ് പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം അഷ്റഫിനെ മർദിച്ച് കൊലപ്പെടുത്തിയത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹത്തിൽ നേരിയ പോറൽ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംഭവത്തിന്റെ ഗൗരവം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തിയെന്നും ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ 20 പേരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.