വാഗാ അതിർത്തി അടച്ചു; പൗരൻമാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ
Thursday, May 1, 2025 5:19 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് തിരികെ പോരുന്ന പൗരൻമാരെ സ്വീകരിക്കാതെ പാക്കിസ്ഥാൻ. വാഗാ അതിർത്തി അടച്ചതോടെ അതിർത്തിയിൽ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പാക്കിസ്ഥാനിലേക്ക് കടക്കാനാകാതെ കുടുങ്ങിക്കിടക്കുകയാണ്.
പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള പാക്കിസ്ഥാൻ പൗരന്മാരോട് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു നല്കിയ സമയപരിധി പൂര്‍ണമായും അവസാനിച്ചതോടെ 786 പാക് പൗരന്മാരാണ് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യ വിട്ടത്.
അട്ടാരി അതിർത്തി വഴി പാക്കിസ്ഥാൻ പൗരൻമാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിർത്തി ഇന്ന് മുതൽ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാക്കിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും. അതിനിടെ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ.
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം ഇന്ത്യ നിർത്തിവയ്ക്കും. പാക്കിസ്ഥാനുമായുള്ള പോസ്റ്റൽ സർവീസും നിർത്തലാക്കും. സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാതയടച്ച് ഇന്ത്യ അടുത്ത തിരിച്ചടി നല്‍കിയത്.
കപ്പല്‍ ഗതാഗതം നിരോധിക്കാനും, ഇറക്കുമതിയടക്കം വാണിജ്യ ബന്ധം ഉപേക്ഷിക്കാനുമുള്ള തുടര്‍ ചര്‍ച്ചകളിലാണ് ഇന്ത്യ. ഇന്നലെ വിവിധ മന്ത്രലായ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഇക്കാര്യങ്ങളുടെ സാധ്യത പരിശോധിച്ചിരുന്നു.