റിക്കൽട്ടണും രോഹിത് ശര്‍മ്മയ്ക്കും അർധ സെഞ്ചുറി; മുംബൈയ്ക്ക് കൂറ്റൻ സ്കോര്‍
Thursday, May 1, 2025 9:58 PM IST
ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും (53) റയാൻ റിക്കൽട്ടണിന്റെയും (61) അർധ സെഞ്ചുറികളാണ് മുംബൈയ്ക്ക് കൂറ്റൻ സ്കോറിനുള്ള അടിത്തറ ഒരുക്കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റൺസ് നേടിയ ഈ സഖ്യം 10 ഓവര്‍ പിന്നിടുമ്പോള്‍ 99 റൺസാണ് നേടിയത്.
116 റൺസാണ് ഒന്നാം വിക്കറ്റിൽ ഇരുവരും നേടിയത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. ഓപ്പണര്‍മാര്‍ മടങ്ങിയതോടെ ക്രീസിലൊന്നിച്ച നായകൻ ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ രാജസ്ഥാന്റെ ബൗളര്‍മാര്‍ വിയര്‍ത്തു.
23 പന്തുകൾ വീതം നേരിട്ട ഇരുവരും 48 റൺസ് വീതം നേടി പുറത്താകാതെ നിന്നു. രാജസ്ഥാനായി മഹീഷ് തീക്ഷണയും റിയാന്‍ പരാഗും ഓരോവിക്കറ്റ് വീഴ്ത്തി.