രാജസ്ഥാനെ എറിഞ്ഞിട്ടു; വിജയക്കുതിപ്പ് തുടർന്ന് മുംബൈ
Thursday, May 1, 2025 11:45 PM IST
ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിനെ തകർത്ത് വിജയക്കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 218 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് 117 റൺസ് നേടാനെ സാധിച്ചുള്ളൂ.
ഇതോടെ നൂറു റൺസിന്റെ കൂറ്റൻ വിജയം മുംബൈ സ്വന്തം പേരിലാക്കി. സ്കോർ: മുംബൈ 217/2 രാജസ്ഥാന് 117/10 (16.1). ആദ്യ ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ വൈഭവിനെ നഷ്ടമായപ്പോള്‍ തൊട്ടടുത്ത ഓവറിൽ യശസ്വി ജയ്സ്വാൾ ബോള്‍ട്ടിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച് രാജസ്ഥാന് പ്രതീക്ഷകള്‍ നൽകി.
എന്നാൽ തൊട്ടടുത്ത പന്തിൽ 13 റൺസ് നേടിയ ജയ്സ്വാളിനെ ബോള്‍ട്ട് പുറത്താക്കി. ഇതോടെ രാജസ്ഥാന് 18/2 എന്ന നിലയിലേക്ക് വീണു. പിന്നീടുള്ള ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നുവീണതോടെ സീസണിലെ തുടര്‍ച്ചയായ ആറാം വിജയം ഹാര്‍ദിക് പാണ്ഡ്യയും സംഘവും ആഘോഷിച്ചു.
27 പന്തിൽ 30 റൺസ് നേടിയ ജോഫ്ര ആർച്ചറാണ് ടോപ് സ്കോറർ. മുംബൈയ്ക്കായി ട്രെൻഡ് ബോള്‍ട്ടും കരൺ ശര്‍മ്മയും മൂന്നും ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റും വീഴ്ത്തി. ഈ ജയത്തോടെ 11 കളികളില്‍ നിന്ന് 14 പോയിന്റോടെ മുംബൈ ഒന്നാം സ്ഥാനത്തെത്തി.
മുംബൈയ്ക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും (53) റയാൻ റിക്കൽട്ടണും (61) അർധ സെഞ്ചുറി നേടി. മുംബൈയോട് ഏറ്റ തോൽവിയോടെ രാജസ്ഥാന് പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി മാറി.