പാക് പൗരന്മാർ ഇന്ത്യ വിടണം; കേന്ദ്ര സർക്കാർ നിർദേശത്തിനെതിരേ ആറംഗ കുടുംബം സുപ്രീംകോടതിയിൽ
Friday, May 2, 2025 4:51 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ പാക്കിസ്ഥാൻ പൗരന്മാർ രാജ്യംവിടണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരേ ആറംഗ കുടുംബം സുപ്രീംകോടതിയിൽ. തങ്ങളുടെ കൈവശം ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകളടക്കം ഉണ്ടെന്നാണ് ഹർജിക്കാരുടെ വാദം.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ജമ്മു കാഷ്മീര്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ഹര്‍ജിക്കാരുടെ രേഖകള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
അതുവരെ കുടുംബത്തിനെതിരെ കടുത്ത നടപടികള്‍ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലുള്ള പാക് പൗരന്മാർ തിരികെ മടങ്ങണമെന്ന് കേന്ദ്രം അറിയിച്ചത്. സിന്ധൂ നദീജല കരാർ മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.