ഗുജറാത്ത് ടൈറ്റൻസിന് 38 റണ്‍സ് ജയം
Saturday, May 3, 2025 3:36 AM IST
ഗുജറാത്ത്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിന്റെ കുതിപ്പ്. ഹോം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 38 റണ്‍സിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി.
ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടുവച്ച 225 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അഭിഷേക് ശർമ മാത്രമാണ് ഹൈദരാബാദിനു വേണ്ടി തിളങ്ങിയത്. അഭിഷേക് ശർമ 41 പന്തിൽ ആറ് സിക്സും നാല് ഫോറും അടക്കം 74 റണ്‍സ് നേടി.
ഹെൻ റിച്ച് ക്ലാസൻ 18 പന്തിൽ 23 ഉം ട്രാവിസ് ഹെഡ് 16 പന്തിൽ 20 ഉം റണ്‍സ് നേടി. ഗുജറാത്ത് ടൈറ്റൻസിനു വേണ്ടി പ്രസിദ്ധ് കൃഷ്ണ (2/19), മുഹമ്മദ് സിറാജ് (2/33) എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഗുഭ്മാൻ ഗിൽ (38 പന്തിൽ 76), ബട്ലർ (37 പന്തിൽ 64) എന്നിവരാണ് ഗുജറാത്തിന്റെ ഇന്നിംഗ്സിനു കരുത്തേകിയത്.
സച്ചിനെ കടന്ന് സുദര്ശന്
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗം 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യക്കാരന് എന്ന റിക്കാര്‍ഡ് സ്വന്തമാക്കി സായ് സുദര്ശന്. ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡാണ് സായ് സുദര്ശന് തിരുത്തിയത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരായ ഇന്നലത്തെ ഇന്നിംഗ്സില്‍ സായ് സുദര്ശന് 23 പന്തില്‍ 48 റണ്‍സ് അടിച്ചുകൂട്ടി. ഇതോടെയാണ് ട്വന്റി-20 ക്രിക്കറ്റില്‍ 2000 റണ്‍സ് ക്ലബ്ബില്‍ സുദര്ശന് എത്തിയത്. ഈ ഇന്നിംഗ്സോടെ 2025 ഐപിഎല്ലില്‍ 500 റണ്‍സ് കടക്കുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടത്തിനും സായ് സുദര്ശന് അര്‍ഹനായി.
സച്ചിന് തെണ്ടുല്‍ക്കര്‍ 59 ഇന്നിംഗ്സിലായിരുന്നു ട്വന്റി-20 ക്രിക്കറ്റില്‍ 2000 റണ്‍സ് തികച്ചത്. സായ് സുദര്ശന് ഇത് 54 ഇന്നിംഗ്സില്‍ സ്വന്തമാക്കി.
ശുഭ്മാന്‍ ഗില്‍, ബട്ലര്
സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 87 റണ്‍സ് പിറന്നു. 6.5 ഓവറിലായിരുന്നു ഇരുവരും ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 38 പന്തില്‍ രണ്ടു സിക്സും 10 ഫോറും അടക്കം ശുഭ്മാന്‍ ഗില്‍ 76 റണ്‍സ് സ്വന്തമാക്കി.
മൂന്നാം നമ്പറായി ക്രീസിലെത്തിയ ജോസ് ബട്ലറും കടന്നാക്രമണമായിരുന്നു കാഴ്ചവച്ചത്. നേരിട്ട 31-ാം പന്തില്‍ ബട്ലര് അര്‍ധസെഞ്ചുറിയില്‍ എത്തി. ഐപിഎല്ലില്‍ 4000 റണ്‍സും ബട്ലര് തികച്ചു.