ഇന്ത്യൻ നിർമിത ഐഫോണുകൾ യൂറോപ്പിൽ കുറയും, യുഎസിൽ കൂടും
Saturday, May 3, 2025 1:23 AM IST
മുംബൈ: ജൂണ്‍ പാദത്തിൽ യൂറോപ്യൻ രാജ്യങ്ങൾ, തുർക്കി, ജപ്പാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഇന്ത്യയിൽ നിർമിച്ച ഐഫോണുകളുടെ ഒരു പ്രധാന ഭാഗം യുഎസിലേക്ക് തിരിച്ചുവിടാൻ ആപ്പിൾ പദ്ധതിയിടുന്നു.
വർധിച്ചുവരുന്ന യുഎസ് തീരുവകളുടെ ആഘാതം കുറയ്ക്കുന്നതിനായി ആപ്പിൾ പ്രാദേശിക ഉത്പാദനം ഉയർത്തുകയാണെന്ന് വ്യവസായ ഉദ്യോഗസ്ഥരും വിശകലന വിദഗ്ധരും പറയുന്നു.
താരിഫുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ മറികടക്കുന്നതിനും ഐഫോണിനായി ചൈനയെ കൂടുതൽ ആശ്രയിക്കാതിരിക്കാനാണ് ആപ്പിൾ ഐഫോണ്‍ നിർമാണം ഇന്ത്യയിൽ ഉയർത്തുന്നത്. ചൈനയ്ക്കു പകരം ഇന്ത്യ മെയ്ഡ് ഫോണുകൾ ധാരാളം യുഎസിലുണ്ടാകും.
യൂറോപ്പിലേക്ക് പോകുന്ന ചില ഐഫോണുകളുടെ വില്പനയിൽ കുറവുണ്ടാകുമെന്നും യുഎസിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയിൽ ഉത്പാദനം വർധിപ്പിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
2024 ൽ ആപ്പിൾ ഇന്ത്യയിൽ ഏകദേശം 40 മുതൽ 45 മില്യണ്‍ ഐഫോണുകൾ നിർമിച്ചു. ഇത് ആഗോള ഉത്പാദനത്തിന്റെ 18-20% ആണ്. ഇതിൽ ഏകദേശം 14-15 മില്യണ്‍ യുഎസിലേക്കും 13 മില്യണ്‍ മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും ഏകദേശം 12 മില്യണ്‍ ഇന്ത്യൻ വിപണിയിലേക്കുമായിരുന്നു.
നെതർലൻഡ്സ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, ജപ്പാൻ, തുർക്കി, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആപ്പിൾ ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾ കയറ്റി അയയ്ക്കുന്നുണ്ടെന്ന് വ്യവസായ ഉദ്യോഗസ്ഥർ പറഞ്ഞു. ജൂണ്‍ പാദത്തിൽ മോഡലുകളിൽ മാറ്റങ്ങൾ വരുത്തി ആപ്പിൾ ഈ വിപണികൾക്കായി ഉദ്ദേശിച്ച ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾ യുഎസിലേക്ക് തിരിച്ചുവിടുമെന്ന് ഒരു വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യൻ നിർമിത ഐഫോണുകൾ യുഎസിലേക്കും ചൈനയിൽനിന്നുള്ളവ മറ്റു രാജ്യങ്ങളിലേക്കും വിടാനും ആപ്പിളിനു പദ്ധതിയുണ്ട്.
ഇന്ത്യയിലെ ഐഫോണ്‍ നിർമാണത്തിൽ ആപ്പിളിന്റെ പങ്കാളികൾ അവരുടെ ഫാക്ടറികളും ശേഷി വർധിപ്പിക്കുകയും പുതിയ യൂണിറ്റുകൾ നിർമിക്കാനും തുടങ്ങി.
ടാറ്റ ഇലക്ട്രോണിക്സിന്റെ ഹൊസൂറിലെ പുതിയ ഐഫോണ്‍ ഫാക്ടറിൽ പ്രവർത്തനങ്ങൾ തുടങ്ങി. ഇവിടെ പഴയ തലമുറയിലെ ഐഫോണുകളാണ് നിർമിക്കുന്നത്. ചൈനയ്ക്കു പുറത്തുള്ള രണ്ടാമത്തെ വലിയ യൂണിറ്റാണ് ഫോക്സ്കോണ്‍ ബംഗളൂരുവിൽ സ്ഥാപിക്കുന്നത്.
2.8 ബില്യണ്‍ ഡോളറാണ് ഇതിനായി മുടക്കിയിരിക്കുന്നത്. ഇവിടെ നിന്നുള്ള ഐഫോണ്‍ നിർമാണം ഉടൻ ആരംഭിക്കും. ഇന്ത്യയിൽനിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിൽ ഇത് വലിയ പങ്ക് വഹിക്കും.
എസ് & പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്റെ കണക്കനുസരിച്ച്, മാർച്ചിൽ ഇന്ത്യയിൽ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയുടെ 98 ശതമാനം യുഎസിലേക്കായിരുന്നു. ആകെ 3.1 മില്യണ്‍ യൂണിറ്റുകൾ. ഫെബ്രുവരിയിലെ 84 ശതമാനത്തിൽ നിന്ന് കുത്തനെ വർധന. മാർച്ചിലെ ഉത്പാദനത്തിന്റെ ഭൂരിഭാഗവും ഫോക്സ്കോണാണ് കൈകാര്യം ചെയ്തത്.