രോഗികളുടെ മരണത്തിന് ഷോര്‍ട്ട് സര്‍ക്യൂട്ടുമായി ബന്ധമില്ല; കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
Saturday, May 3, 2025 1:53 AM IST
കോഴിക്കോട്: ആശുപത്രിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടത്തിനുശേഷം ഉണ്ടായ അഞ്ച് മരണങ്ങള്‍ക്കും അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഒരാള്‍ മുന്‍പ് തന്നെ മരിച്ചിരുന്നുവെന്നും മറ്റുള്ളവരുടെ നില അതീവ ഗുരുതരമായിരുന്നുവെന്നും ചിലര്‍ക്ക് വെന്റിലേറ്റര്‍ സഹായം നല്‍കിയിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പുക ശ്വസിച്ചാണ് രോഗികള്‍ മരിച്ചതെന്ന ആരോപണം ആശുപത്രി തള്ളി. മൂന്നോളം രോഗികള്‍ തീപിടിത്തവുമായി ബന്ധപ്പെട്ട് മരിച്ചെന്നായിരുന്നു ടി. സിദ്ദിഖ് എംഎല്‍എ നേരത്തെ അറിയിച്ചത്. അത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയത്.
തന്റെ മണ്ഡലത്തില്‍ നിന്നുള്ള നസീറ എന്ന യുവതിയുടെ മരണത്തെക്കുറിച്ച് ടി. സിദ്ദിഖ് പേരെടുത്ത് പറഞ്ഞിരുന്നു. എന്നാല്‍ വിഷം കഴിച്ച് യുവതി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും വെന്റിലേറ്ററിലായിരുന്നുവെന്നും മരണത്തിന് തീപിടിത്തവുമായി യാതൊരു ബന്ധവുമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.