കോഴിക്കോട് മെഡിക്കല്‍ കോളജിലെ പുക; കെട്ടിടം സീൽ ചെയ്തു
Saturday, May 3, 2025 5:04 AM IST
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യുപിഎസ് റൂമിലെ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിശദമായ അന്വേഷണത്തിനു ശേഷമേ കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി കെട്ടിടം പൂർണമായും സീൽ ചെയ്തു. സംഭവത്തിൽ വിവിധ തലത്തിലുള്ള വിശദ അന്വേഷണങ്ങൾ ഇന്നു നടക്കും.
അതേസമയം പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടൻ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു.
സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്കി.