വാക്സീന് എടുത്തിട്ടും പേവിഷബാധയുണ്ടായ സംഭവം; ഏഴ് വയസുകാരിയെ വെന്റിലേറ്ററിലേക്ക് മാറ്റി
Saturday, May 3, 2025 1:16 PM IST
തിരുവനന്തപുരം: പേവിഷബാധ സ്ഥിരീകരിച്ച ഏഴ് വയസുകാരിയുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ. കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി തിരുവനന്തപുരം എസ്എടി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. തെരുവ് നായയുടെ കടിയേറ്റ കുട്ടിക്ക് വാക്സീനെടുത്തിട്ടും പേവിഷബാധ സ്ഥിരീകരികരിക്കുകയായിരുന്നു.
ഏപ്രിൽ എട്ടിന് ഉച്ചയോടെ വീട്ടുമുറ്റത്തിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ തെരുവ് നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈമുട്ടിലാണ് കടിയേറ്റത്.
ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്കി.
ഇതിൽ മെയ് ആറിന് എടുക്കേണ്ട ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിച്ചതോടെ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്.