കുടകിലെ മലയാളിയുടെ കൊലപാതകം; മുഖ്യപ്രതി കുടക് സ്വദേശി അനിൽ
Sunday, May 4, 2025 6:23 AM IST
കുടക്: കർണാടകയിലെ കുടകിൽവച്ച് മലയാളിയായ പ്രദീപ് കൊല്ലപ്പെട്ട സംഭവത്തിൽ കുടക് സ്വദേശി മുഖ്യ പ്രതി. കുടക് പൊന്നമ്പേട്ട് സ്വദേശി അനിൽ ആണ് കേസിലെ മുഖ്യപ്രതി.
പ്രതികൾ ആസൂത്രിതമായി പ്രദീപിനെ കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു. അനിൽ കവർച്ച ആസൂത്രണംചെയ്തത് വിവാഹം കഴിക്കാനുള്ള പണത്തിനായാണെന്ന് പോലീസ് പറയുന്നു. ഇതിനായി പ്രതി ഒറ്റയ്ക്ക് താമസിക്കുന്ന പ്രദീപിനെ ലക്ഷ്യമിടുകയായിരുന്നു.
സ്ഥലം വിൽപ്പനയുടെ പേരിൽ ഇയാൾ പ്രദീപുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് സ്വത്ത് വിവരങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവും മനസിലാക്കി.
പിന്നീട് കൃത്യം നടത്താനായി മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് നാലു പേരെ പ്രതി കൂടെക്കൂട്ടിയത്. സംഭവത്തിൽ കർണാടക സ്വദേശികളായ അനിൽ, ഹരീഷ്, സ്റ്റീഫൻ, കാർത്തിക്, ദീപക് എന്നിവർ ശനിയാഴ്ച അറസ്റ്റിലായിരുന്നു.
ഏപ്രിൽ 23നാണ് വിരാജ്പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടിൽ പ്രദീപിനെ കഴുത്തിൽ കേബിൾ മുറുക്കി കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. 13 ലക്ഷത്തോളം രൂപ സംഘം മോഷ്ടിച്ചു. സ്വത്ത് രേഖകളും മൊബൈൽ ഫോണും കവർന്നു.