വയനാട് യാത്രക്കിടെ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് സഹായവുമായി പ്രിയങ്ക ഗാന്ധി
Sunday, May 4, 2025 12:10 PM IST
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൽപറ്റയിലേക്കുള്ള യാത്രക്കിടെ ഈങ്ങാപുഴയിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റവരെ സഹായിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. തന്റെ വാഹനവ്യൂഹത്തിലെ ഡോക്ടറെ വിളിച്ചു വരുത്തി പരിക്കേറ്റവരെ പരിശോധിക്കാൻ പ്രിയങ്ക നിർദേശം നൽകുകയായിരുന്നു.
കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചാരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരുമായി സംസാരിച്ച പ്രിയങ്ക കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളുടെ മുറിവ് പരിശോധിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
അപകടത്തിൽപ്പെട്ടവരെ വാഹനവ്യൂഹത്തിലെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയശേഷമാണ് പ്രിയങ്ക കൽപറ്റയിലേക്ക് യാത്ര തുടർന്നത്. ഇതിനിടെ ഈങ്ങാപുഴയിലെ പ്രദേശവാസികളുമായും പ്രിയങ്ക ഗാന്ധി സംസാരിച്ചു.