പാക് സംഘർഷം; പ്രധാനമന്ത്രിയെ കണ്ട് വ്യോമസേന മേധാവി
Sunday, May 4, 2025 1:48 PM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. നേരത്തേ വിവിധ സേനാ മേധാവിമാരുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ കൂടിക്കാഴ്ചയും എന്നാണ് വിവരം.
ശനിയാഴ്ചയാണ് പ്രധാനമന്ത്രിയും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അതേസമയം കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടമായത്. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടി നല്കാന് സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്നതായി സേനാമേധാവിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു.