പാക് ചാര സംഘടനയ്ക്ക് വിവരം ചോർത്തി നൽകി; പഞ്ചാബിൽ രണ്ടുപേർ അറസ്റ്റിൽ
Monday, May 5, 2025 1:23 AM IST
അമൃത്സർ: പഞ്ചാബിൽ ആർമി കന്റോൺമെന്റ് പ്രദേശങ്ങളുടെയും വ്യോമതാവളങ്ങളുടെയും തന്ത്രപ്രധാന വിവരങ്ങളും ചിത്രങ്ങളും പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയതിന് രണ്ട് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.
പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരാണ് അറസ്റ്റിലായത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെക്കുറിച്ച് വിവരം ലഭിക്കുന്ന പക്ഷം ഉടൻ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാനും ഡിജിപി ഗൗരവ് യാദവും നിർദേശം നൽകിയിട്ടുണ്ടെന്ന് റൂറൽ അമൃത്സർ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മനീന്ദർ സിംഗ് പറഞ്ഞു.
പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന പാലക് ഷേർ മാസിഹിനെയും സൂരജ് മാസിഹിനെയും കുറിച്ച് ഇത്തരത്തിലുള്ള വിവരം ലഭിച്ചു. ഇവർ തന്ത്രപ്രധാനമായ വിവരങ്ങൾ പാക് അധികൃതർക്ക് ചോർത്തി നൽകി. ഞങ്ങൾ ഇരുവരെയും അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് വിവരങ്ങൾ മനസിലാക്കുകയും ചെയ്തുവെന്നും മനീന്ദർ സിംഗ് പറഞ്ഞു.