വഖഫ് നിയമഭേദഗതി: ഹർജി ഇന്നു വീണ്ടും സുപ്രീംകോടതിയിൽ
Monday, May 5, 2025 6:27 AM IST
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തു സമർപ്പിച്ചിരിക്കുന്ന ഒരുകൂട്ടം ഹർജികളിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഇന്നു വീണ്ടും വാദംകേൾക്കും.
ജസ്റ്റീസ് സഞ്ജയ് കുമാർ, ജസ്റ്റീസ് കെ.വി. വിശ്വനാഥൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. വഖഫ് ഭേദഗതിയിലെ ചില വ്യവസ്ഥകളിൽ ആശങ്കയുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇടക്കാല ഉത്തരവിന് കഴിഞ്ഞ 17നു കോടതി തുനിഞ്ഞെങ്കിലും കേന്ദ്രം നൽകിയ ഉറപ്പുകളെത്തുടർന്ന് പിന്മാറുകയായിരുന്നു.
കേസിൽ വീണ്ടും വാദം കേൾക്കുന്നതുവരെ കോടതികൾ മുഖേനയോ രജിസ്ട്രേഷനിലൂടെയോ വഖഫായി പ്രഖ്യാപിച്ച വസ്തുക്കൾ അതേപടി നിലനിർത്തുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ഉറപ്പ് നൽകുകയായിരുന്നു. വഖഫ് കൗണ്സിലുകളിലേക്കോ വഖഫ് ബോർഡുകളിലേക്കോ നിയമനങ്ങൾ നടത്തില്ലെന്നും ഏതെങ്കിലും സംസ്ഥാനം നിയമനം നടത്തിയാൽ അത് അസാധുവാക്കുമെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.