നീറ്റിന് വ്യാജ ഹാൾടിക്കറ്റ്; അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ
Monday, May 5, 2025 10:43 AM IST
പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വിദ്യാർഥിക്കായി വ്യാജ ഹാൾടിക്കറ്റ് നൽകിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ. അക്ഷയ സെന്റർ ജീവനക്കാരിയായ ഗ്രീഷ്മയാണ് പിടിയിലായത്. ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിയത് നെയ്യാറ്റിൻകരയിലുള്ള അക്ഷയ സെന്ററിലാണ്. വിദ്യാർഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നതായി ജീവനക്കാരി പറഞ്ഞു. എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയതിനാൽ പിന്നീട് വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകിയതാണെന്നും ജീവനക്കാരി പറഞ്ഞു.
തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചതെന്നാണ് പ്രാഥമിക നിഗമനം.