പുതിയ കെപിസിസി അധ്യക്ഷനെ ഇന്നോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കും
Monday, May 5, 2025 12:27 PM IST
തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാൻ അധികം വൈകേണ്ട എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ്. ഇന്നോ ചൊവ്വാഴ്ചയോ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം. അതേസമയം ഒരിക്കൽകൂടി കെ. സുധാകരനുമായി ഹൈക്കമാൻഡ് ആശയവിനിമയം നടത്തുമെന്നാണ് വിവരം.
അനാരോഗ്യം പറഞ്ഞ് തന്നെ മൂലയ്ക്ക് ഇരുത്താൻ ശ്രമം ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം കെ.സുധാകരൻ ആരോപിച്ചത്. ഡൽഹിയിൽ നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയശേഷം സുധാകരൻ നിലപാട് തിരുത്തി എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പരാതി. കെ. സുധാകരൻ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുമുണ്ട്.
പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം വൈകിയാൽ കൂടുതൽ നേതാക്കൾ അധ്യക്ഷപദത്തിലേക്ക് ആഗ്രഹം പ്രകടിപ്പിച്ച് എത്തുമെന്ന ആശങ്കയും ഹൈക്കമാൻഡിനുണ്ട്. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആന്റോ ആന്റണിയുടെ പേരിനാണ് മുൻതൂക്കം. പേരാവൂർ എംഎൽഎ സണ്ണി ജോസഫിനേയും പരിഗണിക്കുന്നുണ്ട്.
കെ.സി. വേണുഗോപാൽ ഡൽഹിയിൽ തിരിച്ചെത്തിയശേഷം ഇക്കാര്യത്തിൽ അന്തിമ ചർച്ചയിലേക്ക് കടക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സുധാകരന് വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ കേരള രാഷ്ട്രീയത്തെക്കുറിച്ചും തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ചും സംസാരിച്ചിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നു എന്ന രീതിയിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.