അരിയില്‍ ഷുക്കൂര്‍ വധക്കേസ്; വിചാരണ ആരംഭിച്ചു
Monday, May 5, 2025 1:05 PM IST
കൊച്ചി: കണ്ണൂരിലെ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ ആരംഭിച്ചു. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷുമുള്‍പ്പെടെ പ്രതികളായ കേസിലാണ് എറണാകുളം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ. രണ്ട് ഘട്ടമായാണ് വിചാരണ.
വിചാരണ നടപടികൾക്കായി ജയരാജനുൾപ്പെടെയുള്ള പ്രതികൾ കോടതിയിലെത്തി. ജയരാജനൊപ്പം രാജേഷ് അടക്കമുള്ള പ്രതികളാണ് കോടതിയിലെത്തിയത്.
സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍ തടങ്കലില്‍വച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
ആകെ 33 പ്രതികളും 82 സാക്ഷികളുമാണ് കേസിലുള്ളത്. രണ്ട് പ്രതികള്‍ ഇതിനോടകം മരിച്ചു. പി. ജയരാജനും ടി.വി. രാജേഷും മുപ്പത്തിരണ്ടും മുപ്പത്തിമൂന്നും പ്രതികളാണ്. ഇരുവര്‍ക്കുമെതിരേ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയത്.