പേവിഷബാധയെ തുടർന്നുള്ള മരണം; അന്വേഷണ സംഘത്തെ നിയോഗിക്കണം: മനുഷ്യാവകാശ കമ്മീഷൻ
Tuesday, May 6, 2025 7:05 PM IST
തിരുവനന്തപുരം: പേ വിഷബാധയെ തുടർന്നുള്ള മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ദാരുണ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിൽ പറയുന്നു.
ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സന്റെ ഉത്തരവിൽ പറയുന്നു. സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്ന വാക്സിന്റെ കാര്യക്ഷമത പരിശോധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുളള നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തിൽ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്സിനുകൾക്കുണ്ടോയെന്നും പരിശോധിക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.