ഇന്ത്യൻ സൈന്യത്തെ ഓര്‍ത്ത് അഭിമാനം, ജയ് ഹിന്ദ്: ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരിച്ച് രാഹുലും പ്രതിപക്ഷവും
Wednesday, May 7, 2025 9:27 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും ജയ്ഹിന്ദ് എന്നും രാഹുൽ എക്സിൽ കുറിച്ചു.
അതേസമയം, പ്രതിപക്ഷ നേതാക്കൾ ആകെ വളരെ ആവേശത്തോടെയാണ് തിരിച്ചടിയുടെ വാർത്തകളോടു പ്രതികരിച്ചത്. സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.
ജയ്ഹിന്ദ് എന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ തന്റെ പ്രതികരണം കുറിച്ചത്. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം സേനക്കൊപ്പമാണെന്നും തീവ്രവാദത്തിനുള്ള ശക്തമായ മറുപടിയാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണതിനെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും എക്സിൽ കുറിച്ചു.
ഇന്ത്യയുടെ ധീരതയുടെ വിജയമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു. അതേസമയം, പാക് ഭീകരതയുടെ വേരറുക്കണമെന്നാണ് അസദുദ്ദീൻ ഒവൈസി കുറിച്ചത്.