ഓപ്പറേഷൻ സിന്ദൂർ: സാഹചര്യം വിലയിരുത്തി രാജ്നാഥ് സിംഗ്, മന്ത്രിസഭാ യോഗം ഉടൻ
Wednesday, May 7, 2025 9:44 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനു പിന്നാലെ സേനാ മേധാവിമാരുമായി സാഹചര്യം വിലയിരുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 11ന് സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ യോഗം ചേരും.
അതേസമയം, പ്രത്യാക്രമണത്തിനു പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്. ജമ്മു കാഷ്മീരിലും ഡൽഹിയിലുമടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ കേന്ദ്ര സേനയെ ഡൽഹിയിൽ വിന്യസിച്ചു.
പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാമുൻകരുതലിന്റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
സുരക്ഷ മുൻനിര്‍ത്തി ജമ്മു കാഷ്മീരിലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ജമ്മു മേഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. സ്കൂളുകളും കോളജുകളുമടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനുപുറമെ കാഷ്മീര്‍ മേഖലയിലെ കുപ്വാര, ബാരാമുള്ള, ഗുരേസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാഷ്മീര്‍ ഡിവിഷണൽ കമ്മീഷണര്‍ അവധി പ്രഖ്യാപിച്ചു. ഇതിനിടെ അതിര്‍ത്തിയിലുള്ളവരെ ബങ്കറുകളിലേക്ക് അടക്കം മാറ്റി സുരക്ഷ മുൻകരുതൽ ശക്തമാക്കിയിട്ടുണ്ട്.