ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 15 മാവോയിസ്റ്റുകളെ വധിച്ചു
Wednesday, May 7, 2025 12:03 PM IST
റായ്പൂര്‍: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകൾ മരിച്ചു. വനിതാ മാവോയിസ്റ്റ് അടക്കമുള്ളവരാണ് സൈന്യത്തിന്റെ ആക്രമണത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഛത്തീസ്ഗഡ് - തെലുങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകൾക്ക് ചുറ്റുമുള്ള ഇടതൂർന്ന വനങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാവോയിസ്റ്റ് സാന്നിധ്യം മനസിലാക്കിയ സുരക്ഷാസേന മേഖല വളഞ്ഞശേഷം ശക്തമായ ആക്രമണം നടത്തുകയായിരുന്നു.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് സുരക്ഷാസേന ഒരു 303 റൈഫിൾ കണ്ടെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിൽ സമീപകാലത്ത് മാവോയിസ്റ്റുകൾ സൈന്യത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് സുരക്ഷാസേന നൽകിയത്. ഏപ്രിൽ 21ന് ശേഷം മാത്രം പ്രദേശത്ത് കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റുകളുടെ എണ്ണം നാലായി.