ഓപ്പറേഷൻ സിന്ദൂർ: മസൂദ് അസറിന്റെ കുടുംബാംഗങ്ങളും കൂട്ടാളികളും കൊല്ലപ്പെട്ടു
Wednesday, May 7, 2025 1:41 PM IST
ഇസ്ലാമബാദ്: ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിനും കനത്ത തിരിച്ചടി. മസൂദിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടെന്ന് ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചു.
ഭവൽപുരിൽ ഇന്ത്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ അസ്ഹറിന്റെ മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു.
ഇവരുടെ സംസ്കാരം വൈകീട്ട് നാലിന് ബഹവല്‍പൂരില്‍ നടക്കുമെന്ന് ജെയ്ഷെ മുഹമ്മദ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ഇന്നു പുലർച്ചെ 1:05 മുതൽ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങൾ ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവർ സംയുക്തമായാണ് നടത്തിയത്. മുറിദ്കെ, ബഹവൽപൂർ, കോട്ലി, ഗുൽപൂർ, ഭീംബർ, ചക് അമ്രു, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.
ഭീകരരുടെ റിക്രൂട്ട് കേന്ദ്രങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്തു. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവരുടെ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.