മിന്നും പ്രകടനവുമായി ജെമീമയും ദീപ്തിയും; ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Wednesday, May 7, 2025 6:19 PM IST
കൊളംബോ: ത്രിരാഷ്ര പരമ്പരയിലെ ദക്ഷിണാഫ്രിക്കൻ വനികൾക്കെതിരായ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം. 23 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് എടുക്കാനെ സാധിച്ചുള്ളു. 81 റൺസെടുത്ത അന്നേരി ഡെർക്സണും 67 റൺസെടുത്ത ക്യാപ്റ്റൻ ക്ലോ ട്രയോണും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
മിയാനെ സ്മിത്ത് 39 റൺസും നൊൻഡുമിസോ ഷാൻഗസെ 36 റൺസും എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി അമൻജോത് കൗർ മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശർമ രണ്ടും വിക്കറ്റും ശ്രീ ചരണിയും പ്രതിക റാവലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 337 റൺസെടുത്തത്. സെഞ്ചുറി നേടിയ ജെമീമ റോഡ്രിഗസിന്റെയും അർധ സെഞ്ചുറി നേടിയ ദീപ്തി ശർമയുടെയും സ്മൃതി മന്ദാനയുടേയും മികവിലാണ് ഇന്ത്യ വമ്പൻ സ്കോർ പടുത്തുയർത്തിയത്.
ജെമീമ 123 റൺസാണ് എടുത്തത്. ദീപ്തി 93 റൺസും സ്മൃതി 51 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മസബാട്ട ക്ലാസും നദൈൻ ഡി ക്ലർക്കും നോൻകുലുലേക്കോ മ്ലാബയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്നേരി ഡെർക്സണും ക്ലോ ട്രയോണും ഓരോ വിക്കറ്റ് വീതമെടുത്തു.
ജെമീമ റോഡ്രിഡസാണ് മത്സരത്തിലെ താരം.