കെഎസ്ആർടിസി: 10 വർഷം കൊണ്ട് കുറഞ്ഞത് മൂന്നിൽ ഒന്നിലധികം ജീവനക്കാർ
പ്രദീപ് ചാത്തന്നൂർ
Wednesday, May 7, 2025 9:42 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ കഴിഞ്ഞ 10 വർഷം കൊണ്ട് കുറഞ്ഞത് മൂന്നിലൊന്നിലധികം സ്ഥിരം ജീവനക്കാർ. 2016-ൽ 36000 സ്ഥിരം ജീവനക്കാരുണ്ടായിരുന്നു. നിലവിൽ സ്ഥിരം ജീവനക്കാരുടെ എണ്ണം 22203 ആണ്. 14000 ൽ അധികം ജീവനക്കാരാണ് കുറഞ്ഞത്.ഈ സാമ്പത്തിക വർഷം ഇവരിൽ735 പേർ കൂടി വിരമിക്കും. ഇതിൽ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരാണ് കൂടുതൽ. വിരമിക്കുന്ന ജീവനക്കാർക്ക് പകരം സ്ഥിരം ജീവനക്കാരെ നിയമിക്കുന്നില്ല.
കെഎസ്ആർടിസി വിവിധ മേഖലകളിലെ കുടിശികകൾ തീർത്തുവരികയാണെന്നും ഭരണ സമിതി അംഗീകരിച്ച് സംസ്ഥാനസർക്കാരിന് സമർപ്പിക്കാൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ സൊസൈറ്റികളുടെ 2021 നവംബർ വരെയുള്ള കുടിശികയും മറ്റ് ബാങ്കുകൾ, സഹകരണ സൊസൈറ്റികൾ, കെടിഡിഎഫ്സി എന്നിവിടങ്ങളിലെ 2023 സെപ്തംബർ വരെയുള്ള കുടിശികയും അടച്ചിട്ടുണ്ട്. എസ്എൽഐ , ജിഐഎസ്എൽഐസി , കെഎഫ്സി എന്നിവിടങ്ങളിലെ 2024 ഡിസംബർ വരെയുള്ള റിക്കവറി നടത്തിയ തുകയും തിരിച്ചടച്ചിട്ടുണ്ട്.
2023 ഡിസംബർ വരെ പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടെ കുടിശിക 232. 55 കോടിയാണ്. 2023 മാർച്ച് വരെ വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തതായും രേഖയിൽ സൂചിപ്പിക്കുന്നു. ഡിസിആർജി, കമ്യൂട്ടേഷൻ തുടങ്ങിയ ഇനങ്ങളിൽ 2023 ഡിസംബർ വരെയുള്ള കുടിശിക 128 കോടിയാണ്. ഇത് അടച്ചു കൊണ്ടിരിക്കയാണ്. 2023 മാർച്ച് വരെ വിരമിച്ച ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ക്ലോഷർതുകയും അടച്ചു.