രാജ്യം ജാഗ്രതയിൽ; 18 വിമാനത്താവളങ്ങള്‍ അടച്ചു
Thursday, May 8, 2025 12:17 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത. പാക് പ്രത്യാക്രമണമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ശ്രീനഗർ ഉൾപ്പെടെ 18 വിമാനത്താവളങ്ങള്‍ അടച്ചു. 200ലധികം വിമാനങ്ങൾ റദ്ദാക്കി.
ധർമശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ജോധ്പൂർ, ഭുജ് (ബിഎച്ച്ജെ), ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളാണ് അടച്ചത്.
ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. ഉത്തരേന്ത്യയിൽനിന്നും ഉത്തരേന്ത്യയിലേക്കുമുള്ള നിരവധി വിമാനസർവിസുകളും റദ്ദാക്കി.
ജാംനഗർ, ചണ്ഡിഗഡ്, ഡൽഹി, ഭുജ്, രാജ്കോട്ട് വിമാനത്താവളങ്ങളിൽനിന്നുള്ള സർവിസുകളും റദ്ദാക്കി. ഗുജറാത്തിലെ കച്ചിലുള്ള വ്യോമസേന ബേസ് കൂടിയായ ഭുജ് വിമാനത്താവളവും രാജ്കോട്ട് വിമാനത്താവളവും മേയ് 10 വരെയാണ് അടച്ചത്.
മേയ് 10 വരെ ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് വിമാനത്താവളങ്ങളിൽനിന്നുള്ള സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഇതേ കാലയളവിൽ അമൃത്സർ, ശ്രീനഗർ എന്നിവയുൾപ്പെടെ വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽനിന്നുള്ള 165 ലധികം വിമാന സർവിസുകൾ റദ്ദാക്കിയതായി ഇൻഡിഗോയും ബുധനാഴ്ച അറിയിച്ചു. യാത്രക്കാർക്ക് റീഷെഡ്യൂളിങ് ഇളവുകളും മുഴുവൻ റീഫണ്ടും എയർലൈൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.