പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കേരളത്തിൽ പഠിച്ചെന്ന റിപ്പോർട്ട്; പോലീസ് പരിശോധന നടത്തും
Thursday, May 8, 2025 10:44 AM IST
തിരുവനന്തപുരം: പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ടിആർഎഫ് തലവനുമായ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തിലെത്തിൽ പഠിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പരിശോധന നടത്താൻ പോലീസ്.
ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തും. എന്‍ഐഎ ആവശ്യപ്പെട്ടാല്‍ മാത്രം കേരളാ പോലീസ് നേരിട്ട് അന്വേഷണം നടത്തും. പഠന സമയത്ത് ഗുല്‍ കേരളത്തിലുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
2000-2002 വരെയുള്ള സമയത്താണ് ഇയാള്‍ കേരളത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ശ്രീനഗറിലെ പഠനത്തിന് ശേഷം ബംഗളൂരുവിലാണ് ഗുല്‍ എംബിഎ പഠിച്ചത്. ശേഷം കേരളത്തില്‍ ലാബ് ടെക്നീഷ്യന് കോഴ്സ് ചെയ്തിരുന്നു. പഠനത്തിന് ശേഷം കാഷ്മീരിലേക്ക് തിരിച്ചെത്തിയ ഗുല്‍ ലാബ് ആരംഭിക്കുകയും ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
നിലവില്‍ പാക്കിസ്ഥാനിലെ റാവില്പിണ്ടിയില് ലഷ്കർ-ഇ-തൊയ്ബയുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് ഗുല്‍. സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഇയാള്‍ 2020 നും 2024 നും ഇടയില്‍ സെന്‍ട്രല്‍ കശ്മീരിലും, തെക്കന്‍ കാഷ്മീരിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്. 2022 ല്‍ എന്‍ഐഎ ഭീകരനായി പ്രഖ്യാപിച്ച ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു.