നൂറ് ഭീകരരെ വധിച്ചു; പ്രകോപിച്ചാൽ ഇനിയും തിരിച്ചടിയെന്ന് രാജ്നാഥ് സിംഗ്
Thursday, May 8, 2025 2:31 PM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. വ്യാഴാഴ്ച നടന്ന സർവകക്ഷി യോഗത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ പാക്കിസ്ഥാൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും രാജ്നാഥ് പറഞ്ഞു. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഒൻപത് ഭീകരപരിശീലന ക്യാന്പുകളാണ് ഇന്ത്യ തകർത്തതെന്നും രാജ്നാഥ് വിശിദീകരിച്ചു.
പ്രതിപക്ഷം യോഗത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്കി. ഭീകരതയ്ക്കെതിരേ ഒറ്റക്കെട്ടായി നിലനില്‍ക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. സൈനിക നടപടിക്ക് അടക്കം യോഗം പൂർണ പിന്തുണ നൽകി.
അതേസമയം ഇന്ത്യന്‍ വിമാനം പാക്കിസ്ഥാന് വെടിവച്ചിട്ടെന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവച്ചു. എന്നാല്‍ ഇക്കാര്യങ്ങളോട് സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നാണ് വിവരം.
പാർലമെന്റിൽ നടന്ന യോഗത്തിൽ ഇരുപതിൽ അധികം പ്രതിപക്ഷ കക്ഷികളുടെ അംഗങ്ങള്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും യോഗത്തിന് എത്തിയിരുന്നു.
എന്നാൽ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ചയുള്ള സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗത്തില്‍നിന്ന് വിട്ടുനിന്നത്.
പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പാകിസ്താനിലെ ഭീകരരുടെ കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്.