ഒന്നാം ലോകത്തിൽ ജനിച്ച്, മൂന്നാം ലോകത്തിൽ പ്രവർത്തിച്ച്, സാർവത്രിക സഭയുടെ തലപ്പത്തേക്ക്
Friday, May 9, 2025 3:29 AM IST
വത്തിക്കാൻ സിറ്റി: ഒന്നാം ലോകത്തിൽ ജനിച്ച് മൂന്നാം ലോകത്തിൽ പ്രവർത്തിച്ച് സാർവത്രികസഭയുടെ തലവനായി അവരോധിതനാകുന്ന ലെയോ പതിനാലാമൻ പാപ്പാ ഒരു ദിശമാറ്റത്തിന്റെ സൂചനയാണു തരുന്നത്. പ്രേഷിതപ്രവർത്തനമില്ലാത്ത സഭ നിർജീവമാകുമെന്ന് ഫ്രാൻസിസ് പാപ്പാ പലപ്പോഴും ഓർമിപ്പിച്ചിരുന്നു. പ്രേഷിതപ്രവർത്തനത്തിലുള്ള ഔത്സുക്യവും തീക്ഷണതയും കുറഞ്ഞതാണ് ഒന്നാം ലോകരാജ്യങ്ങളിൽ സഭ ദുർബലമാകാൻ കാരണമെന്ന് പല നിരീക്ഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
റോമിലെ വിവിധ സഭാ ശുശ്രൂഷകളിൽ വ്യാപൃതരായവർ താന്താങ്ങളുടെ രൂപതകളിലേക്കു മടങ്ങാനും തദ്ദേശീയ സഭകളെ കെട്ടിപ്പടുക്കാനും ഫ്രാൻസിസ് പാപ്പാ നിർദേശിച്ചിരുന്നു. ഏതായാലും സഭയുടെ ഏറ്റവും സാധാരണക്കാരായ അംഗങ്ങളുടെ വികാരവിചാരങ്ങൾ അറിയുന്ന ആളാണ് പുതിയ പാപ്പാ. സുവിശേഷം പങ്കുവയ്ക്കുന്നതിന്റെ ആനന്ദം അനുഭവിച്ചിരുന്ന വ്യക്തി. അദ്ദേഹത്തിന്റെ പുതിയ നയങ്ങൾ ഈ കാഴ്ചപ്പാടോടെ ആയിരിക്കും എന്നതിൽ സംശയമില്ല.
പെറുവിൽ 20 വർഷക്കാലം പ്രവർത്തിച്ച അദ്ദേഹത്തിന് ഏറ്റവും പാവപ്പെട്ട ആളുകളുടെ ജീവിതസാഹചര്യങ്ങൾ മനഃപാഠമാണെന്ന് അമേരിക്കൻ ജസ്വീറ്റായ തോമസ് റീസ് ദീപികയോട് പ്രതികരിച്ചു. പെറുവിലെപ്പോലെ ലോകത്തിന്റെ വിളുന്പുകളിൽനിന്നുള്ള ഒരു വ്യക്തിയെന്ന നിലയിൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ച മറ്റ് കർദിനാൾമാർ തങ്ങളിലൊരാളായി അദ്ദേഹത്തെ കണ്ടു എന്നുവേണം മനസിലാക്കാൻ. സഭയുടെ അച്ചുതണ്ട് വികസിതരാജ്യങ്ങളിൽനിന്ന് ദക്ഷിണ രാജ്യങ്ങളിലേക്ക് മാറുന്നതിന്റെ സൂചനയായി ഈ തെരഞ്ഞെടുപ്പിനെ കാണാമെന്നും ഫാ. തോമസ് റീസ് പറഞ്ഞു.
“ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ’’ എന്നുദ്ഘോഷിച്ച ലെയോ പതിമൂന്നാമന്റെ പിൻഗാമിയായി ലെയോ പതിനാലാമൻ വരുന്പോൾ അത് സഭാജീവിതത്തിൽ പുതിയൊരു വസന്തത്തിന്റെ തുടക്കമാകും എന്നു പ്രത്യാശിക്കാം.
ദൃഢനിശ്ചയവും പ്രത്യാശയും ആത്മവിശ്വാസവും സ്ഫുരിക്കുന്ന മുഖഭാവത്തോടെ അദ്ദേഹം ഇന്നലെ ജനസഹസ്രങ്ങളെ അഭിവാദ്യം ചെയ്യുകയും ഉത്ഥിതനായ കർത്താവിന്റെ സമാധാനം ആശംസിക്കുകയും ചെയ്പ്പോൾ അജഗണങ്ങളെ നയിക്കാൻ വലിയ മുക്കുവന്റെ യോഗ്യനായ പിൻഗാമിയാണ് അദ്ദേഹമെന്ന് ഏവർക്കും അനുഭവേദ്യമായി.