ജമ്മു കാഷ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം
Friday, May 9, 2025 3:57 AM IST
ശ്രീനഗര്‍: ഭീകരരുടെ നുഴഞ്ഞുകയറ്റം ബിഎസ്എഫ് പരാജയപ്പെടുത്തി. ജമ്മു കാഷ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഭീകരര്‍ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. രാത്രി 11 ഓടെയാണ് സംഭവമെന്ന് ബിഎസ്എഫ് അറിയിച്ചു.
അതേസമയം പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തില്‍ അത്യാഹിതങ്ങൾ സംഭവിച്ചില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാത്രി ഒമ്പതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാന്റെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇതുവരെയും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
എസ് 400 സംവിധാനത്തിലൂടെയാണ് ഇന്ത്യ പാക്കിസ്ഥാന്റെ ആക്രമണത്തെ ചെറുത്തത്. പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ജമ്മു കാഷ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാക്കിസ്ഥാൻ നടത്തിയത്.
ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാനിൽ കനത്തനാശമുണ്ടായി. കര, നാവിക, വ്യോമസേനയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പ്രധാന നഗരങ്ങളിലെല്ലാം നാശനഷ്ടങ്ങൾ സംഭവിച്ചു.