ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; യുവാവ് അറസ്റ്റിൽ
Friday, May 9, 2025 11:47 PM IST
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച സംഭവത്തിൽ മലയാളി യുവാവിനെ നാഗ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വതന്ത്ര മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം.ഷീബയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്.
കൊച്ചിയിൽ നടത്തിയ കാഷ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് റിജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിതെന്നും പോലീസ് പറഞ്ഞു.