പാക്കിസ്ഥാൻ സൂപ്പർ ലീഗിന് അനുമതി നിഷേധിച്ച് യുഎഇ
Saturday, May 10, 2025 3:07 AM IST
അബുദാബി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാനുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നീക്കത്തിന് കനത്ത തിരിച്ചടി. പാക്കിസ്ഥാൻ സൂപ്പർ ലീഗിന് യുഎഇ അനുമതി നിഷേധിച്ചു.
ഇതോടെ ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതായി പിസിബി അറിയിച്ചു. പിഎസ്എൽ നടത്താനുള്ള പിസിബിയുടെ അഭ്യർഥന എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് തള്ളുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
2021-ൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിനും 2014, 2020, 2021 വർഷങ്ങളിലെ ഐപിഎല്ലിനും ആതിഥേയത്വം വഹിച്ച ഇസിബിക്ക് ബസിസിഐയുമായി ശക്തമായ ബന്ധമാണുള്ളത്.
നേരത്തേ റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പിസിബി വേദി മാറ്റാൻ തീരുമാനിച്ചിരുന്നത്. എന്നാൽ യുഎഇ അനുമതി നിഷേധിച്ചതോടെ പിഎസ്എൽ നീട്ടിവയ്ക്കുകയായിരുന്നു.