ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്
Saturday, May 10, 2025 8:11 AM IST
കൊച്ചി: എറണാകുളത്ത് ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. 28 പേർക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളാണ് ചികിത്സയിലുള്ളതെന്നാണ് വിവരം.
ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അപകടം. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വരുകയായിരുന്നു ബസ്.
കുണ്ടന്നൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത് പതിവാണ്. ലോറി തിരിക്കാൻ വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സൂചന.
ബസ് റോഡിൽ നിന്ന് നീക്കാൻ കഴിയാത്തതിനാൽ സർവീസ് റോഡ് വഴി വാഹനങ്ങൾ വഴിതിരിച്ചു വിടുകയാണ്. പോലീസും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ മറ്റ് വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചത്.