പാക് ഷെല്ലാക്രമണം; ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി
Saturday, May 10, 2025 10:32 AM IST
ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തിലും വെടിവയ്പ്പിലും ജമ്മു കാഷ്മീരില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. രജൗരിയിലെ വ്യവസായ മേഖലയ്ക്ക് സമീപമുണ്ടായ ആക്രമണത്തില്‍ രണ്ട് വയസുകാരി ഐഷ നൂര്‍, മുഹമ്മദ് ഷോഹിബ്(35) എന്നിവര്‍ കൊല്ലപ്പെട്ടു
പൂഞ്ച് ജില്ലയിലെ മെന്ദാര് സെക്ടറില്‍ ഷെല്‍ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. അമ്പത്തഞ്ചുകാരിയായ റാഷിദയാണ് മരിച്ചത്. രജൗരിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ രാജ്കുമാര് ഥാപ്പയും ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ജമ്മു ജില്ലയിലെ ആര്‍എസ് പുര സെക്ടറിൽ പാക് സൈന്യത്തിന്റെ വെടിവയ്പ്പിലും ഒരാള്‍ കൊല്ലപ്പെട്ടു. ബിദിപൂര് ജട്ട ഗ്രാമത്തിലെ താമസക്കാരനായ അശോക് കുമാര്‍ ആണ് മരിച്ചത്.
ജമ്മുവിലെ ജനവാസമേഖലയില്‍ പാക്കിസ്ഥാൻ ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ജമ്മു നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.