വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനം വൈകിട്ട് ആറിന്
Saturday, May 10, 2025 5:18 PM IST
ന്യൂഡൽഹി: വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താ സമ്മേളനം വൈകിട്ട് ആറിന്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളോട് അതിർത്തിയിലെ സാഹചര്യം വിശദീകരിക്കുമെന്നാണ് സൂചന.
അതേസമയം ഇന്ന് രാവിലെയും വിക്രം മിസ്രി മാധ്യമങ്ങളെ കണ്ടിരുന്നു. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ആക്രമണമുണ്ടായെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ആക്രമണം ഇന്ത്യ ശക്തമായി ചെറുത്തു. പാക് സൈനിക താവളങ്ങള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചെന്നും കേന്ദ്രം സ്ഥീരീകരിച്ചു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രകോപനത്തിന് ഇന്ത്യ തക്കതായ മറുപടി നല്കി. ആറ് പാക് സൈനിക താവളങ്ങളിലും രണ്ട് വ്യോമതാവളങ്ങളിലും ഇന്ത്യ പ്രത്യാക്രമണം നടത്തി. തിരിച്ചടിയുടെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.
ഡ്രോണുകളും മിസൈലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് തുടര്‍ച്ചയായിട്ടായിരുന്നു പാക് ആക്രമണം. പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് അതിവേഗ മിസൈൽ ആക്രമണങ്ങളും പാക്കിസ്ഥാൻ നടത്തി. ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങൾക്ക് സമീപമുള്ള മെഡിക്കൽ സെന്ററിലും സ്കൂളിലും പാക്കിസ്ഥാൻ ആക്രമണം നടത്തി.
യാത്രാ വിമാനങ്ങളെ മറയാക്കിയായിരുന്നു പാക് ആക്രമണം. അന്താരാഷ്ട്ര വ്യോമപാത അടക്കം പാക്കിസ്ഥാന് ദുരുപയോഗം ചെയ്തു. ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ക്ക് നേരിയ കേടുപാടുകളുണ്ടെന്നും എങ്കിലും അവയെല്ലാം സുരക്ഷിതമാണെന്നും സൈന്യം അറിയിച്ചു.
എന്നാൽ ഇന്ത്യയുടെ ബ്രഹ്മോസ് സംവിധാനം തകര്‍ത്തെന്നത് പാക്കിസ്ഥാന്റെ വ്യാജ പ്രചാരണമാണെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യയുടെ പവർ ഗ്രിഡുകളും സുരക്ഷിതമാണ്.
ഇന്ത്യ ജനവാസമേഖല ലക്ഷ്യംവച്ചിട്ടില്ല. എന്നാല്‍ പാക്കിസ്ഥാന് ബോധപൂര്‍വം ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇത് ഭീരുത്വമാണെന്നും സൈന്യം പറഞ്ഞു.