പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷം ഇന്നു സമാപിക്കും; സഭാധ്യക്ഷന്മാരുമായി മാർപാപ്പയുടെ കൂടിക്കാഴ്ച
Tuesday, May 13, 2025 8:43 PM IST
വത്തിക്കാൻ സിറ്റി: പൗരസ്ത്യ സഭകളുടെ ജൂബിലി ആഘോഷം ഇന്നു സമാപിക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബൈസന്റൈൻ റീത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് ജൂബിലിയാഘോഷത്തിനു സമാപനമാകുക. ജൂബിലിയുടെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് പൗരസ്ത്യസഭകളുടെ അധ്യക്ഷന്മാരുമായും വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തും.
ജൂബിലിയുടെ ഭാഗമായി ചൊവ്വാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൗരസ്ത്യ സുറിയാനി സഭകൾ ചേർന്നു വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനയിൽ കൽദായ സഭ പാത്രിയാർക്കീസ് ലൂയിസ് റഫയെൽ സാക്കോ മുഖ്യ കാർമികനായിരുന്നു.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സന്ദേശം നൽകി.
പൗരസ്ത്യസഭകളുടെ തനിമ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മാർ റാഫേൽ തട്ടിൽ, അതു സഭയുടെ പൊതു മുതൽക്കൂട്ടാണെന്നും ഓർമിപ്പിച്ചു. പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദിനാൾ ഗുജറോത്തി, കർദിനാൾ ജോർജ് കൂവക്കാട്ട്, സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് എന്നിവരുൾപ്പെടെ നിരവധി മെത്രാന്മാരും നൂറിലധികം വൈദികരും സിസ്റ്റേഴ്സും വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു.
തോമാശ്ലീഹായുടെ ശിഷ്യന്മാരായ അദ്ദായി, മാറി എന്നിവരുടെ പേരിലുള്ള വിശുദ്ധ കുർബാന ക്രമമമാണു പൗരസ്ത്യസഭകൾ ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഉപയോഗിച്ചത്. മലയാളത്തിലുൾപ്പെടെ പ്രാർഥനകൾ ഉയർന്ന വിശുദ്ധ കുർബാനയിൽ സുറിയാനി ഗീതങ്ങളും സീറോമലബാർ സിസ്റ്റേഴ്സും വൈദികരും ഉൾപ്പെടുന്ന ഗായകസംഘം ആലപിച്ചു.
സാർവത്രിക സഭ 2025 പ്രത്യാശയുടെ ജൂബിലി വർഷമായി ആഘോഷിക്കുന്നതിൽ പങ്കുചേർന്നുകൊണ്ട് സഭയിലെ വിവിധ വിഭാഗങ്ങൾ നിശ്ചിത ദിവസങ്ങളിൽ നടത്തുന്ന ജൂബിലിയാചരണത്തിന്റെ ഭാഗമായിട്ടാണ് ഈമാസം 12 മുതൽ ഇന്നുവരെ പൗരസ്ത്യസഭകളുടെ ആഘോഷം നടക്കുന്നത്. എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നും സീറോമലബാർ, സീറോമലങ്കര സഭകളുൾപ്പെടെയുള്ള പൗരസ്ത്യസഭകളുടെ പ്രതിനിധികൾ ഇതിൽ പങ്കുചേരുന്നുണ്ട്.