പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തം; ഉന്നതതല അന്വേഷണം നടത്തും
Wednesday, May 14, 2025 1:48 PM IST
തിരുവല്ല: പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തത്തിൽ ഉന്നതല അന്വേഷണം നടത്താൻ തീരുമാനം. അഗ്നിരക്ഷാ മാർഗങ്ങളെല്ലാമുള്ള ഗോഡൗണിൽ എങ്ങനെ തീപിടിത്തം ഉണ്ടായെന്ന് അന്വേഷിക്കും.
ബെവ്കോയുടെ സംസ്ഥാനത്തെ എല്ലാ ഔട്ട്ലെറ്റുകളിലും ഫയർ ഓഡിറ്റ് നടത്താനും തീരുമാനമായി. പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തത്തിൽ പത്തുകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബിവറേജ് ഔട്ട് ലെറ്റും വെയർ ഹൗസുമാണ് കത്തിനശിച്ചത്.
15 ബെവ്കോ ഔട്ട്ലറ്റുകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന 4500 കേയ്സ് മദ്യമാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ ഉണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇന്ന് രാവിലെ ബെവ്കോ സിഎംഡി ഹർഷിദ അട്ടല്ലൂരി കത്തിനശിച്ച ഔട്ട്ലറ്റിലും വെയർഹൗസിലും സന്ദർശനം നടത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്നും സംസ്ഥാനത്തെ എല്ലാ ബെവ്കോ ഔട്ട്ലെറ്റുകളിലും ഫയർ ഓഡിറ്റ് നടത്തുമെന്നും അവർ അറിയിച്ചു.