പുളിക്കീഴ് ബിവറേജസ് ഗോഡൗണിലെ തീപിടിത്തം: കത്തിനശിച്ചത് ഒരു ലക്ഷം കെയ്സ് മദ്യം
Wednesday, May 14, 2025 1:53 PM IST
തിരുവല്ല: പുളിക്കീഴ് ബിവറേജസ് ഗോഡൗണില്‍ ഇന്നലെ രാത്രിയുണ്ടായ അഗ്നിബാധയില്‍ കത്തി നശിച്ചത് ലക്ഷക്കണക്കിനു രൂപയുടെ മദ്യം. രാത്രി എട്ടോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഔട്ട്ലെറ്റ് കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു.
ഗോഡൗണിലാണ് പുളിക്കീഴില്‍ ഉത്പാദിപ്പിക്കുന്ന ജവാന് റം ശേഖരിച്ചുവന്നിരുന്നത്. ഗോഡൗണിന്റെ പിന്‍വശത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വെല്‍ഡിംഗ് പണികള്‍ നടന്നിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല, ചങ്ങനാശേരി, തകഴി എന്നീ യൂണിറ്റുകളില്‍ നിന്ന് എത്തിയ അഗ്നിരക്ഷാസേന മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രാത്രിയോടെ തീ നിയന്ത്രണ വിധേയമാക്കി.
ഗോഡൗണിന്റെ മേല്‍ക്കൂര അലൂമിനിയം ഷീറ്റ് ഉപയോഗിച്ച് നിര്മിച്ചിട്ടുള്ളതിനാല് തീ പെട്ടെന്ന് വ്യാപിക്കാനും മേല്‍ക്കൂരയുള്ള കെട്ടിടം പൂര്‍ണമായും കത്തിയമരാനും ഇടയാക്കി. മദ്യം നിറച്ച കുപ്പികള്‍ പൊട്ടിത്തെറിച്ചതും തീ പടരാന്‍ കാരണമായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഒരുലക്ഷം കെയ്സ് മദ്യം കത്തിയെരിഞ്ഞതായാണ് സൂചന.
ബിവറേജസ് കോര്പറേഷന് എംഡി ഹര്‍ഷിത അട്ടല്ലൂരി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നു സ്ഥലം സന്ദര്‍ശിക്കും. തീ പിടിത്തം സംബന്ധിച്ച് പോലീസും അഗ്നിശമനസേയും അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം ഇന്നു സ്ഥലം സന്ദര്‍ശിക്കും.