മലപ്പട്ടത്തെ കോണ്‍ഗ്രസിന്റെ രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു
Wednesday, May 14, 2025 11:44 PM IST
കണ്ണൂര്‍: മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് പുനര്‍നിര്‍മ്മിക്കുന്ന സ്തൂപം വീണ്ടും തകര്‍ത്തു. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. നേരത്തെ ഉണ്ടായിരുന്ന സ്തൂപം സിപിഎം പ്രവർത്തകർ തകർത്തെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു.
സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തിൽ ജനാധിപത്യ അതിജീവന യാത്ര നടത്തിയിരുന്നു. യാത്രയ്ക്കിടെ സിപിഎം - യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത് വൻ സംഘര്‍ഷത്തിൽ കലാശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സ്തൂപം വീണ്ടും തകര്‍ത്തത്. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.