ആളെക്കൊല്ലി കടുവയെ മയക്കുവെടിവയ്ക്കും; മരിച്ചയാളുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും
Thursday, May 15, 2025 6:06 PM IST
മലപ്പുറം: കാളികാവിൽ യുവാവിനെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള നടപടിയുമായി വനംവകുപ്പ്. കാളികാവ് അടയ്ക്കാക്കുണ്ടിൽ ഇന്നു രാവിലെയാണ് ടാപ്പിംഗിനുപോയ അബ്ദുൾ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്.
കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. തുടർന്ന് സ്ഥലത്തെത്തിയ എ.പി.അനിൽകുമാർ എംഎൽഎ ഉൾപ്പടെയുള്ളവരെ നാട്ടുകാർ തടഞ്ഞു. കൊല്ലപ്പെട്ട അബ്ദുൾ ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകാനും ആശ്രിതരിൽ ഒരാള്‍ക്ക് താത്കാലിക ജോലി നൽകാമെന്നും ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഉറപ്പുകള്‍ ഡിഎഫ്ഒ എഴുതി നൽകി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായ അഞ്ചുലക്ഷം രൂപ വെള്ളിയാഴ്ചതന്നെ നല്‍കുമെന്ന് ഡിഎഫ്ഒ ധനേഷ് വ്യകത്മാക്കി. ഗഫൂറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അതേ സമയം കടുവയെ കണ്ടെത്തുന്നതിനായി മുത്തങ്ങയില്‍ നിന്നും കുങ്കിയാനകള്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്ത് ജാഗ്രത പാലിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നല്കി.