സിപിഎം ഓഫീസ് ആക്രമിച്ചവരെ വെറുതെ വിട്ടത് ഔദാര്യം; കെ.കെ.രാഗേഷ്
Thursday, May 15, 2025 8:06 PM IST
കണ്ണൂർ: മലപ്പട്ടത്ത് സിപിഎം ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിൽ പ്രകോപനപരമായ പ്രസംഗവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ തള്ളിയിട്ടില്ല എന്ന മുദ്രാവാക്യത്തിനു മറുപടിയുമായാണ് രാഗേഷ് രംഗത്തെത്തിയത്.
ആ കത്തിയുമായി വന്നാൽ വരുന്നവന് ഞങ്ങൾ ഒരു പുഷ്പചക്രം ഒരുക്കിവെക്കുമെന്ന് രാഗേഷ് പറഞ്ഞു. മലപ്പട്ടത്ത് സിപിഎം പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം മാത്രമാണ് നൽകുന്നത്.
മൂട്ട കടിച്ചാൽ ഒന്ന് ചൊറിയുമെന്നും മൂട്ടയെ കൊല്ലാൻ ആരും കൊടുവാൾ എടുക്കാറില്ലെന്നും അദേഹം പറഞ്ഞു. മലപ്പട്ടത്ത് സിപിഎം ഓഫീസ് ആക്രമിച്ചവരെ വെറുതെ വിട്ടത് ഔദാര്യമാണെന്ന് ഓർത്തോളൂ. യൂത്ത്കോൺഗ്രസ് വേണ്ടാത്ത പണിക്ക് നിൽക്കരുത്.
ഒന്ന് രണ്ട് തവണ വന്നാൽ ഞങ്ങൾ ക്ഷമിക്കും. മൂന്നാമതും വന്നാൽ എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് തന്നെ പറയാനാവില്ലെന്നും രാഗേഷ് പറഞ്ഞു.