യുപിയിൽ ബസിനു തീപിടിച്ച് കുട്ടികളുൾപ്പെടെ അഞ്ചുപേർ മരിച്ചു
Friday, May 16, 2025 7:11 AM IST
ലക്നൗ: എൺപതോളം യാത്രക്കാരുമായി ബിഹാറിൽനിന്നു ഡൽഹിയിലേക്കുവന്ന സ്വകാര്യ ബസിനു തീപിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിൽ മോഹൻലാൽഗഞ്ചിനു സമീപം കിസാൻ പഥിൽ ഇന്നലെ വെളുപ്പിന് അഞ്ചിനായിരുന്നു സംഭവം. ഗിയർബോക്സിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് എസിപി രജനീഷ് വർമ പറഞ്ഞു. തീപിടിത്തമുണ്ടാകുന്പോൾ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
അഗ്നിരക്ഷാസേനയുടെ അരമണിക്കൂർ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ബസിൽ അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ട എമർജൻസി വാതിൽ പ്രവർത്തനക്ഷമമല്ലാതിരുന്നത് മരണസംഖ്യ ഉയരാനിടയാക്കിയെന്ന് എഎസ്പി പറഞ്ഞു.