മാറ്റം സംബന്ധിച്ച് രണ്ട് തവണ സംസാരിച്ചു; കെ.സുധാകരന്റെ വാദം തള്ളി ഹൈക്കമാൻഡ്
Friday, May 16, 2025 9:30 AM IST
ന്യൂഡൽഹി: കെപിസിസി അധ്യക്ഷപദവിയിലെ മാറ്റം സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന കെ.സുധാകരന്റെ വാദം തള്ളി ഹൈക്കമാൻഡ്. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് ഹൈക്കമാൻഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ഹൈക്കമാൻഡ് നിർദേശത്തോട് സുധാകരൻ എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. സംസ്ഥാന നേതാക്കളെ കേട്ട ശേഷമാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി റിപ്പോർട്ട് തയാറാക്കിയത്.
സുധാകരൻ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കളാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റം വേണമെന്നും കേരള നേതാക്കൾ അറിയിച്ചെന്നും ഹൈക്കമാൻഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി പരസ്യമാക്കികൊണ്ട് വ്യാഴാഴ്ചയാണ് കെ.സുധാകരൻ രംഗത്തെത്തിയത്. തന്നെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നിൽ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണമെന്ന് സുധാകരൻ പ്രതികരിച്ചു.
അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ല. നേരത്തേ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കി.
പദവിയില്‍ നിന്ന് മാറ്റുന്നതിന് മുന്‍പ് നേതൃത്വവുമായി താന്‍ ചര്‍ച്ച നടത്തുമ്പോള്‍ മാറ്റുമെന്ന ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്തെങ്കിലും തരത്തില്‍ തന്നെ മാറ്റേണ്ടി വരും എന്നുപോലും രാഹുല്‍ ഗാന്ധിയോ ഖാര്‍ഗെയോ പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു