നയതന്ത്രതലത്തിൽ ഭീകരവാദം ഒഴികെ ഒരു വിഷയത്തിലും ചർച്ചയ്ക്കില്ല; പാക് പ്രധാനമന്ത്രിയുടെ ആവശ്യം ഇന്ത്യ തള്ളി
Friday, May 16, 2025 1:44 PM IST
ന്യൂഡൽഹി: സമഗ്ര ചർച്ചയ്ക്ക് തയാറാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർദേശം തള്ളി ഇന്ത്യ. നയതന്ത്രതലത്തിൽ ഭീകരവാദം ഒഴികെ ഒരു വിഷയവും പാക്കിസ്ഥാനുമായി ചർച്ച ചെയ്യാനില്ലെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
അതിർത്തിയിലെ വെടിനിർത്തൽ ഞായറാഴ്ച വരെ നീട്ടാൻ ഇരു രാജ്യങ്ങളുടെയും സേനകൾ തീരുമാനിച്ചു. അതേസമയം ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഒരു വാർത്താ ഏജൻസിയോടാണ് പ്രതികരണം.
നരേന്ദ്ര മോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനു ശേഷവും സിന്ധൂനദീജല കരാർ മരവിപ്പിച്ച നടപടി പിൻവലിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു.
കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. പാക്കിസ്ഥാന്റെ ഈ നിലപാടിനോടുള്ള ഇന്ത്യയുടെ പ്രതികരണം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.