യുവാവിനെ ആളുമാറി മർദിച്ചു; ഏഴു പേർ അറസ്റ്റിൽ
Friday, May 16, 2025 9:15 PM IST
തിരുവനന്തപുരം: യുവാവിനെ ആളുമാറി തട്ടിക്കൊണ്ടുപോയി മർദിച്ച പത്തംഗ സംഘത്തിലെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി പ്രവീണിനാണ് മർദനമേറ്റത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.
പെൺകുട്ടിയുമായി ബന്ധപ്പെട്ട ഒരു കേസിൽ പൂജപ്പുര സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പോലീസ് വിട്ടയച്ചതിന് ശേഷം വിഷ്ണു ജീവനൊടുക്കി. തുടർന്ന് വിഷ്ണുവിന്റെ സുഹൃത്തുക്കളായ പത്തംഗ സംഘം പ്രതികാരം ചെയ്യാനിറങ്ങുകയായിരുന്നു.
പെൺകുട്ടിയുടെ ബന്ധുവിനെ അന്വേഷിച്ചാണ് ഇവരെത്തിയത്. ശാന്തികവാടം ശ്മശാനത്തിന് സമീപത്ത് വെച്ച് ഇവർ പ്രവീണിനെ കണ്ടുമുട്ടി. പ്രവീണാണ് പെൺകുട്ടിയുടെ ബന്ധുവെന്ന് തെറ്റിദ്ധരിച്ച് ഇവർ പ്രവീണിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു.
തുടർന്ന് തങ്ങൾക്ക് ആളുമാറിയെന്ന് മനസിലായതിനെ തുടർന്ന് പ്രവീണിനെ വഴിയരികിൽ ഉപേക്ഷിച്ചു സംഘം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഏഴുപേർ പിടിയിലായത്.