കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്
Friday, May 16, 2025 9:55 PM IST
ചേർത്തല: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ദേശീയപാതയിൽ ചേർത്തല കെവിഎം ആശുപത്രിക്ക് സമീപത്തുണ്ടായ അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ തെങ്കാശി അമ്പത്തൂർ സ്വദേശി ആദിമൂലം (24), കാർ ഡ്രൈവർ തൊടുപുഴ കണിയാപറമ്പിൽ അഖിൽ കെ. അനൂപ് (23) എന്നിവർക്കാണ് പരിക്കേറ്റത്.
ആദിമൂലത്തിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്ന കാറും ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളത്തിന് പോകുകയായിരുന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.
പിക്കപ്പ് വാന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർ ആദിമൂലത്തെ വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.