കൊച്ചിയിൽനിന്നു 1436 തീർഥാടകർ മക്കയിലെത്തി
Monday, May 19, 2025 2:03 AM IST
നെടുമ്പാശേരി: കൊച്ചി എംബാർക്കേഷൻ പോയന്റിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതുവരെ 1436 തീർഥാടകർ മക്കയിലെത്തി. 444 പുരുഷൻമാരും 992 സ്ത്രീകളുമാണ് മക്കയിലെത്തിയ സംഘത്തിലുള്ളത്.
അഞ്ച് വിമാനങ്ങളിലായാണ് ഇവർ പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 11.30 നും വൈകുന്നേരം 3.30 നുമായി രണ്ട് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ നിന്നു യാത്രയായത്. ഇതിൽ ഉച്ചയ്ക്ക് പുറപ്പെട്ട വിമാനത്തിൽ വനിതകൾ മാത്രമാണ് ഉണ്ടായിരുന്നത്. വനിതകൾക്കു മാത്രമായി 21 ന് ഒരു വിമാനം കൂടി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ലക്ഷദ്വീപിൽ നിന്നുള്ള തീർഥാടക സംഘം ഇന്ന് ഹജ്ജ് ക്യാന്പിലെത്തും. ചൊവ്വാഴ്ച രാത്രി 8.20 ന് പുറപ്പെടുന്ന എസ്.വി 3067 നമ്പർ വിമാനത്തിലാണ് ഇവർ യാത്രയാവുക. 58 പുരുഷന്മാരും 54 സ്ത്രീകളും അടക്കം 112 പേരാണ് ലക്ഷദ്വീപിൽ നിന്നുള്ളത്.